02:03pm 29 August 2026
NEWS
ഇക്കുറി പെൺപുലിയാകാൻ കൊല്ലം സ്വദേശിനി; ഒപ്പം മകനും
28/08/2026  09:48 AM IST
nila
ഇക്കുറി പെൺപുലിയാകാൻ കൊല്ലം സ്വദേശിനി; ഒപ്പം മകനും

തൃശൂരിന്റെ ആവേശമായ പുലിക്കളിയിൽ ഇത്തവണ വ്യത്യസ്തമായ സാന്നിധ്യവുമായി കൊല്ലം സ്വദേശിനിയായ യുവതിയും മകനും. കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദീപാലക്ഷ്മിയും മകൻ യതിയുമാണ് പുലിവേഷം അണിയുന്നത്. ഒളരിക്കര ദേശം പുലിക്കളി സംഘത്തിനൊപ്പമാണ് ദീപാലക്ഷ്മിയും മകനും പുലിക്കളിക്കിറങ്ങുക.

വർഷങ്ങളായി തൃശൂരിലെ പുലിക്കളിയും കുമ്മാട്ടിക്കളിയുമടക്കമുള്ള ഓണാഘോഷങ്ങൾ നേരിൽ കണ്ട് ആസ്വദിച്ചിരുന്ന ദീപാലക്ഷ്മിയുടെ മനസ്സിൽ പുലിക്കളിയുടെ ഭാഗമാകണമെന്ന ആഗ്രഹം നേരത്തെയുണ്ടായിരുന്നു. സ്ത്രീകളും പുലിവേഷം അണിയുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ആ ആഗ്രഹം സാക്ഷാത്കരിക്കാനുള്ള ആലോചന തുടങ്ങിയത്.

തന്റെ ആഗ്രഹം ഭർത്താവ് ഉല്ലാസിനോട് ദീപാലക്ഷ്മി പങ്കുവച്ചു. തുടർന്ന് ഉല്ലാസ് പുലിക്കളി സംഘാടകരുമായി ബന്ധപ്പെട്ടതോടെയാണ് ദീപയ്ക്ക് പുലിവേഷം അണിയാനുള്ള അവസരം ഒരുങ്ങിയത്.

അമ്മ പുലിയാകുന്നുവെന്ന് അറിഞ്ഞതോടെ മകൻ യതിക്കും ഒപ്പം പുലിവേഷം അണിയണമെന്ന ആഗ്രഹമായി. നാലാം ക്ലാസ് വിദ്യാർഥിയായ യതിയും അമ്മയ്‌ക്കൊപ്പം ഇത്തവണ പുലിക്കളിയിൽ പങ്കെടുക്കും.

ഭരതനാട്യം നർത്തകി കൂടിയായ ദീപാലക്ഷ്മിക്ക് കലാരംഗത്തെ പരിചയവും പുലിവേഷം അണിയാനുള്ള ആവേശത്തിന് കരുത്താകുകയാണ്. വാട്ടർ അതോറിറ്റിയിലെ ജീവനക്കാരനാണ് ഭർത്താവ് ഉല്ലാസ്. തൃശൂരിന്റെ പുലിക്കളി ആഘോഷത്തിൽ അമ്മയും മകനും ഒരുമിച്ച് പുലിവേഷമണിയുന്നതിന്റെ കൗതുകത്തിലാണ് നാട്ടുകാരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img